ഗതാഗത നിമയലംഘനങ്ങളുടെ പിഴ 7000 ദിർഹത്തിൽ കൂടുതൽ ആയാല്‍ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പൊലീസ്. ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കും. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.
പണമില്ലെന്ന കാരണം പറഞ്ഞ് പിഴ മുടക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനായി അഞ്ച് ബാങ്കുകളുമായി സഹകരിച്ച് വായ്പാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഷ്യല്‍ ബാങ്ക്, അബുദാബി ഇസ്ളാമിക് ബാങ്ക്, മഷ്റഖ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് തുടങ്ങയ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഒരുവര്‍ഷത്തെ പലിശ രഹിത വായ്പയാണ് ലഭിക്കുക.
അതേസമയം ട്രാഫിക് പിഴകൾ പലിശരഹിതമായി അടയ്ക്കാനുളള അവസരവുമുണ്ട്.
രണ്ട് മാസത്തിനുളളില്‍ പിഴ അടച്ചാല്‍ 35 ശതമാനം കിഴിവും ഒരുവര്‍ഷത്തിനുളളില്‍ 25 ശതമാനം കിഴിവും ലഭ്യമാകും. പലിശ രഹിത തവണകളായി പിഴ അടയ്ക്കാനും അവസരമുണ്ട്. നിലവില്‍ പിഴ അടയ്ക്കാത്തവര്‍ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു.