1980 കളിലെ ഐക്കണിക് ടാക്സികൾ പുറത്തിറക്കി അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള ടാക്സികൾ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ഇപ്പോഴത്തെ സിൽവർ കളറിലുള്ള ടാക്സികളോട് കൂടെത്തന്നെ മഞ്ഞയും വെള്ളയും ചേർന്ന കളറിലുള്ള 100 ഓളം ടാക്സികൾ മെയിൻ ലാൻഡിൽ സർവീസ് നടത്തുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
മഞ്ഞയും വെള്ളയും നിറങ്ങൾ വളരെക്കാലം മുമ്പ് അബുദാബിയിലെ ടാക്സികളുടെ പ്രധാന ബ്രാൻഡായിരുന്നു. 52-ാമത് ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായാണ് ഞങ്ങൾ ഇത് തിരികെ കൊണ്ടുവരുന്നത് എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിലെ (ഐടിസി) പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അതീഖ് അൽ മസ്റൂയി പറഞ്ഞു. എന്നാൽ മഞ്ഞയും വെള്ളയും നിറമുള്ള ഹൈബ്രിഡ് ടാക്സികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ നിറങ്ങളുടെ ബ്രാൻഡിംഗ് കൂടാതെ ഇപ്പോഴത്തെ സിൽവർ ടാക്സികൾക്ക് സമാനമായ എല്ലാ സവിശേഷതകളും ഈ ടാക്സികൾക്ക് ഉണ്ട്.
ഈ ടാക്സികൾ ഭൂതകാലത്തിൽ നിന്ന് ഇന്നുവരെ സംഭവിച്ച വലിയ മാറ്റങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. ഇവയിൽ സഞ്ചരിക്കുന്ന ആളുകൾക്ക് അവരുടെ പഴയ ഓർമ്മകൾ വീണ്ടെടുക്കാൻ സാധിക്കും. കൂടാതെ പുതിയ തലമുറയ്ക്ക് ഭൂതകാലത്തിന്റെ ഒരു എത്തി നോട്ടം ലഭിക്കാനുമുള്ള അവസരമാണ് ഈ സംരംഭമെന്ന് അൽ മസ്റൂയി പറഞ്ഞു.