ജെൻഡർ ന്യൂട്രൽ യുണിഫോം സ്കൂളുകളിൽ നടപ്പാക്കുന്നതിനെതിരെ വിമർശന ഉന്നയിച്ച ഡോ. എംകെ മുനീർ എംഎൽഎയ്ക്കെതിരേ നടന്‍ ഹരീഷ് പേരടി രംഗത്ത്. മുഖ്യമന്ത്രിയ്ക്ക് സാരിയും ബ്ലൗസും ധരിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചതിനാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.
പിണറായിയോട് സാരി ധരിക്കാൻ പറഞ്ഞ ആശയം പുരോഗമനപരം തന്നെ. പക്ഷെ അതിനുമുൻപ് മുനീറും പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരവും മാതൃകയുമാണെന്നാണ് ഹരീഷ് പേരടി ഫേസ്ബുക് പേജിൽ കുറിച്ചത്.
അതേസമയം വിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വരുന്ന പരിഷ്കരണങ്ങളെ മതവുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രസ്താവനകളോട് യോജിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിതയും പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങൾ മത താത്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന തരത്തിലുള്ള പ്രസ്താവനകളോട് യോജിക്കാനാവില്ലെന്നും അജിത സൂചിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വേർതിരിവ് വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും കെ അജിത പറഞ്ഞു. സ്ത്രീ പുരുഷ തുല്യതയിലേക്കെത്താൻ വസ്ത്ര ധാരണ രീതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും സ്കൂളുകൾ സൗകര്യാത്മക വസ്ത്രധാരണത്തിലേക്ക് പോവേണ്ടത് അനിവാര്യമാണെന്നും കെ അജിത അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ മത നിഷേധം നടപ്പാക്കാൻ വേണ്ടിയാണ് സി പി െഎഎം ശ്രമിക്കുന്നതെന്നായിരുന്നു എം. കെ മുനീറിന്‍റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ താനൊരു പുരോഗമന വാദിയാണെന്ന വിശദീകരണവുമായി മുനീർ രംഗത്ത് വന്നിരുന്നു.