മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ് ഗോപി അല്പസമയത്തിനകം നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായാണ് അദ്ദേഹം സ്റ്റേഷനിലെത്തുന്നത്. സുരേഷ് ഗോപി എത്തുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.
ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് നടക്കാവ് സ്റ്റേഷനിലേയ്ക്ക് നേതാക്കൾ നടത്തിയ റാലി ഇതിനിടെ പൊലീസ് തടഞ്ഞു. റോഡിൽ രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ള 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി എത്തുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30-ന് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു താരത്തോട് പോലീസ് പറഞ്ഞിരുന്നത്.
മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നത്.
കഴിഞ്ഞ ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന് ഇടയിലാണ് വിവാദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു.