അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എയിലേക്ക് പ്രവർത്തനം മാറ്റി എയർ അറേബ്യ. ഇന്ന് വൈകുന്നേരം 6.55-ന് ഇന്ത്യയിലെ കൊൽക്കത്തയിലേക്കുള്ള എയർ അറേബ്യ വിമാനം ടെർമിനൽ എയിൽ നിന്ന് ആദ്യയാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ലെബനനിലെ ബെയ്റൂട്ടിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന എയർ അറേബ്യ വിമാനം ടെർമിനൽ എയിൽ ഇന്ന് ലാന്റ് ചെയ്യും.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ആധുനിക ടെർമിനലായ ടെർമിനൽ എ നവംബർ 1 മുതലാണ് പ്രവർത്തനമാരംഭിച്ചത്. 7,42,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്. പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 28 സ്ഥലങ്ങളിലേക്ക് 10 എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ച് നിലവിൽ എയർ അറേബ്യ അബുദാബി സർവീസുകൾ നടത്തുന്നുണ്ട്.