ദുബായില്‍ ചെക് രഹിത വാടക പദ്ധതിയ്ക്ക് വന്‍ സ്വീകാര്യത. ആപ്പ് വഴി വാടക അടയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റം ഉപയോഗിച്ച് വാടക ചെക്ക് പേയ്‌മെന്റുകൾ ഓട്ടോമേറ്റ് – ഡിജിറ്റലൈസ് ചെയ്യ്തതോടെ നിരവധി ആളുകളാണ് പദ്ധതിയുടെ ഭാഗമായിത്.
`ദുബായ് എഎം ലൈഫ് ‘ ( DubaiAM Life) ആപ്പ് വഴി ചെക്ക് ഇടപാടിന് സമാനമായി വിവിധ പേയ്‌മെന്റ് രീതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നീ മാര്‍ഗങ്ങൾ ആപ്പിലും ലഭ്യമാണ്. വാടക കരാറിനൊപ്പം പണം അടയ്ക്കുന്ന രീതിയും തിരഞ്ഞെടുക്കാനാകും. പ്രതിമാസ, ദ്വിമാസ, ത്രൈമാസ തവണകളായും പണം അടയ്ക്കാം.
ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും എമിറേറ്റ്‌സ് എൻബിഡി ബാങ്കും തമ്മിൽ ഒപ്പുവച്ച കരാര്‍ അനുസരിച്ച് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ഒഴിവാക്കി വാടകക്കാർക്ക് പദ്ധതിയുടെ ഭാഗമാകാം. അതേസമയം ചെക്ക് രഹിത വാടക നൽകൽ നിർബന്ധമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
റെംറാം, ലയാൻ, ഘൂറൂബ്, ഗൂറൂബ് സ്‌ക്വയർ, ഷൊറൂഖ്, ദുബായ് വാർഫ്, മനാസെൽ അൽ ഖോർ, അൽ ഖൈൽ ഗേറ്റ് തുടങ്ങി പതിനഞ്ചിലധികം മേഖലകളില്‍ പദ്ധി വിജയകരമെന്ന് ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌മെന്റ് റെസിഡൻഷ്യൽ കമ്മ്യൂണിറ്റീസ് മാനേജിംഗ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി വ്യക്തമാക്കി. താമസക്കാരിൽ 21 ശതമാനത്തിലധികം പേരും പൂർണമായും ചെക്ക് രഹിത വാടക പദ്ധതിയുടെ ഭാഗമായെന്നും അദ്ദേഹം സൂചിപ്പിച്ചു.
പദ്ധതി പ്രാബല്യത്തിലെത്തിയശേഷം പതിനായിരത്തിലധികം ചെക്കിടപാടുകൾ ഒഴിവാക്കാനായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ബൗൺസ് ചെയ്ത വാടക ചെക്കുകൾക്കും വിജയിക്കാത്ത നേരിട്ടുള്ള ഡെബിറ്റ് ഇടപാടുകൾക്കും പിഴ ചുമത്തുമെന്നും അഹമ്മദ് അൽ സുവൈദി ചൂണ്ടിക്കാട്ടി.