മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് ദുബായിലുളളതെങ്കിലും ചിലവിന്‍റെ കാര്യത്തില്‍ പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിടിക്കും. സ്കൂൾ ഫീസ്, ബസ് ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയാണ് പ്രധാനമായും കീശയെ ബാധിക്കുന്നത്. ഇതിനിടെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതും തിരിച്ചടിയായി.
മധ്യവേനലവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ ബസ് ഫീസില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ധനവിലവര്‍ദ്ധനവിനെ തുടര്‍ന്നാണ് ബസ് ഫീസ് പുനര്‍നിര്‍ണയിക്കുന്നത്. 800 ദിര്‍ഹം വരെ ഫീസ് വര്‍ദ്ധനവ് ഉണ്ടാകുമെന്നും സൂചനയുണ്ട്. നിലവില്‍ മൂവായിരം മുതല്‍ അയ്യായിരം ദിര്‍ഹം വരെയാണ് ദുബായില്‍ ശരാശരി വാര്‍ഷിക ബസ് ഫീസായി ഇടാക്കുന്നത്. ഇതര എമിറേറ്റുകളിലെ ഫീസ് ഘടനയില്‍ നേരിയ വെത്യാസവുമുണ്ട്.
രണ്ട് കുട്ടികളുടെ വിദ്യാഭ്യാസചെലവ് വഹിക്കേണ്ടിവരുന്ന ശരാശരി മലയാളി പ്രവാസി കുടുംബങ്ങളെ ഫീസ് വര്‍ദ്ധനവ് വന്‍ സാമ്പത്തിക ഭാരത്തിലേക്ക് തളളിവിടും. അതേസമയം പുതിയ അധ്യയന വര്‍ഷത്തില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതന്ന നിര്‍ദ്ദേശം ആശ്വാസകരമാണെന്നും രക്ഷിതാക്കൾ പറയുന്നു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇന്ധനവിലയില്‍ 70 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. വാടകയും നിത്യ ജീവിത ചിലവുകളും കഴിഞ്ഞ് നാട്ടിലേക്ക് അല്‍പ്പം തുക കരുതിവയ്ക്കാമെന്നു കരുതിയാല്‍ സാധാരണ പ്രവാസി കുടുംബങ്ങൾക്ക് കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.