അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ അവിസ്മരണീയ വിജയം നേടി ഓസ്ട്രേലിയ. കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിനാണ് ഓസീസ് തകർച്ചത്. ഇതോടെ സെമിയിൽ ഓസീസ് സീറ്റുറപ്പിച്ചു. എന്നാൽ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291, ഓസ്ട്രേലിയ 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്നിങ്ങനെയായിരുന്നു സ്കോർ നില.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ 1-9ാം ഓവറിൽ ഏഴിന് 91 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിന് മികച്ച പ്രകടനം സമ്മാനിച്ച് ഗ്ലെൻ മാക്സ്‌വെൽ ഇരട്ടസെഞ്ച്വറി നേടി. ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് മാക്സ്‌വെൽ കുറിച്ചത്. 128 പന്തുകൾ നേരിട്ട മാക്സ്‌വെൽ 10 സിക്സും 21 ഫോറും ഉൾപ്പെടെ 201 റൺസുമായി പുറത്താകാതെ നിന്നു. എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം 170 പന്തിൽ 202 റൺസിന്റെ കൂട്ടുകെട്ട് തീർത്താണ് മാക്സ്‌വെൽ വിജയം ഉറപ്പിച്ചത്. ഈ കൂട്ടുകെട്ടിൽ കമ്മിൻസ് 68 പന്തിൽ ഒരു ഫോർ സഹിതം 12 റൺസാണ് നേടിയത്. കളി തീരാൻ 19 പന്തുകൾ അവശേഷിക്കെയാണ് മാക്സ്വെൽ വിജയറൺ നേടിയത്.
രണ്ടാം ഓവറിൽ ഓപ്പണർ ട്രാവിസ് ഹെഡ് (0), ആറാം ഓവറിൽ സ്കോർ 43-ൽ നിൽക്കേ മിച്ചൽ മാർഷ് (11 പന്തിൽ 24) എന്നിവർ പുറത്തായി. ഒൻപതാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഡേവിഡ് വാർണറും (29 പന്തിൽ 18) ജോഷ് ഇംഗ്ലിസും (0) പുറത്തായി. മാർനസ് ലബുഷെയ്ൻ (28 പന്തിൽ 14), മാർക്കസ് സ്റ്റോയിനിസ് (ഏഴ് പന്തിൽ ആറ്), മിച്ചൽ സ്റ്റാർക്ക് (ഏഴ് പന്തിൽ മൂന്ന്) എന്നിവർക്കും മികവ് പുലർത്താനായില്ല.
തുടക്കത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 291 റൺസെടുത്തത്. ഇബ്രാഹിം സദാന്റെ സെഞ്ച്വറിക്കരുത്തിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 143 പന്തുകൾ നേരിട്ട സദാൻ 129 റൺസെടുത്ത് പുറത്താകാതെനിന്നു. 131 പന്തുകളിൽ നിന്നാണ് സദാൻ സെഞ്ച്വറി നേടിയത്. ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. അവസാന ഓവറുകളിൽ 18 പന്തുകൾ മാത്രം നേരിട്ട റാഷിദ് ഖാൻ മൂന്ന് സിക്സുകളടക്കം പറത്തി 35 റൺസ് നേടി. റഹ്മത് ഷാ (44 പന്തിൽ 30), ഹഷ്മത്തുല്ല ഷാഹിദി (43 പന്തിൽ 26), അസ്മത്തുല്ല ഒമർസായ് (18 പന്തിൽ 22), റഹ്മാനുല്ല ഗുർബാസ് (25 പന്തിൽ 21), മുഹമ്മദ് നബി (10 പന്തിൽ 12) എന്നിങ്ങനെയാണ് മറ്റ് അഫ്ഗാൻ താരങ്ങളുടെ സ്കോറുകൾ.