ശക്തമായ മഴ പെയ്യുന്നതിനിടെ റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ 24 വാഹനങ്ങൾ പിടിയിൽ. ദുബായ് ട്രാഫിക് പൊലീസാണ് 19 കാറുകളും അഞ്ച് ബൈക്കുകളും കസ്റ്റഡിയിലെടുത്തത്. ചില വാഹനങ്ങൾ രൂപമാറ്റം വരുത്തിയ ശേഷം നിയോൺ ലൈറ്റുകളും ഘടിപ്പിച്ചായിരുന്നു നിരത്തിലിറക്കിയത്.
അൽ റുവയ്യാ മേഖലയിൽ പെയ്ത മഴയിലായിരുന്നു അഭ്യാസപ്രകടനങ്ങൾ നടത്തിയത്. പിടിയിലായ വാഹനങ്ങളുടെ ഉടമകൾക്കെതിരെ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും ചുമത്തി. കൂടാതെ രണ്ട് മാസത്തേക്ക് വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
മഴയത്ത് റോഡിൽ നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അധികൃതർ പങ്കുവെച്ചിരുന്നു. ശക്തമായ മഴയിൽ അതിവേഗതയിൽ വാഹനങ്ങൾ ഡ്രിഫ്റ്റിങ് ചെയ്യുന്നതും പിക്അപ്പ് ട്രാക്കുകളിൽ എഴുന്നേറ്റ് നിന്നും അതിവേഗതയിൽ ഓടുന്ന കാറിന്റെ വിൻഡോയിലൂടെ തലപ്പുറത്തേക്കിട്ടും അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.