ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമ പ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്’ എന്ന് പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്ന് പറഞ്ഞാണ് താരം മാധ്യമപ്രവർത്തകരിൽ നിന്നും ഒഴിഞ്ഞുമാറിയത്.
മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും സുരേഷ് ഗോപി വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെയ്ക്കുകയായിരുന്നു. പിന്നാലെ വൻ വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. തുടർന്ന് മാധ്യമ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് കേസ് എടുക്കുകയും ചെയ്തിരുന്നു.