കുവൈത്തിൽ അധികൃതരുടെ നിർദേശമില്ലാതെ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി വാണിജ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ കർശനമാക്കും. അന്യായമായ വില വർദ്ധനവ് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം രാജ്യത്തെ മാർക്കറ്റുകളിൽ പരിശോധനകൾ നടത്താൻ ആരംഭിച്ചു.
നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടുന്ന വിധത്തിലുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിലക്കയറ്റത്തിനെതിരായ പരാതികൾ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പ് വഴിയോ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ പൊതുജനങ്ങൾക്ക് സമർപ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
പ്രാദേശിക വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉല്പന്നങ്ങളുടെ വില വർധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ക്ഷമിക്കാനാകില്ലെന്നും കുവൈത്ത് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചു.