കർണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ് നൽകി സർക്കാർ. സർക്കാർ സർവ്വീസിലെ വിവിധ വകുപ്പുകളിലേയ്ക്ക് കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) നടത്തുന്ന യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി കെ.ഇ.എ നടത്തിയിരുന്ന പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉദ്യോഗാർത്ഥികൾ ഹാളിലെത്തണമെന്നും ക്രമക്കേടുകൾ തടയുന്നതിനുള്ള പരിശോധനയ്ക്ക് വിധേയമാകണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി. സുധാകർ പറഞ്ഞു. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.