വിഎസ്, അത് ഒരേയൊരാൾ മാത്രം! കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. കേരളത്തിലെ മുതിർന്ന ഇടതുപക്ഷ രാഷ്ടീയ നേതാവും ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ. 1923 അഒക്ടോബർ 20 പുന്നപ്രയിലായിരുന്നു അച്യുതാനന്ദൻ്റെ ജനനം. ഈ വരുന്ന 20ന് അദ്ദേഹത്തിന് നൂറ് വയസ്സ് തികയുകയാണ്. ഒരു നൂറ്റാണ്ടോളം നീളുന്ന കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമാണ് വിഎസ്സിലൂടെ കടന്നുപോകുന്നത്.
ജനകീയ പ്രശ്നങ്ങളിൽ നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ജനകീയ നേതാവിൻ്റെ പ്രതിച്ഛായ നേടിയെടുക്കാൻ പലതവണ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളിലും സ്ത്രീ ശ്കാക്തീകരണമടക്കം സാമൂഹിക വിഷയങ്ങളിലും പകരംവയ്ക്കാനില്ലാത്ത പോരാട്ടത്തിൻ്റെ ചരിത്രം കൂടിയാണ് വിഎസ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ, പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
വിഎസ്സിലെ കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായ പി.കൃഷ്ണപിള്ളയാണ്. 1952-ലാണ് വിഎസ്സ് പാർട്ടിയുടെ ചുമതലകൾ വഹിച്ചു തുടങ്ങിയത്. പിന്നീടങ്ങോട്ട് കണ്ടത് വിഎസ്സിൻ്റെ രാഷ്ട്രീയ വളർച്ചയുടെ കാലഘട്ടം. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.
ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിഎസ് നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വിഎസ് തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വിഎസ് നടത്തിയ ഓപ്പറേഷൻ മൂന്നാർ ഏറെ ശ്രദ്ധേയമായിരുന്നു. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പാർട്ടിയ്ക്ക് പുറത്തേക്ക് വളരാൻ അദ്ദേഹത്തെ സഹായിച്ചു. രാഷ്ട്രീയ ഭേദമെന്യേ എന്തോ ഇഷ്ടമാണ് എല്ലാവർക്കും വിഎസ്സിനെ.
നീട്ടിയും കുറുക്കിയുമുള്ള വിഎസ്സിൻ്റെ പ്രസംഗത്തിന് ഇന്നും വലിയ ആരാധകവൃന്ദങ്ങളുണ്ട്. ആലപ്പുഴയിലെ കർഷക തൊഴിലാളികളോട് പ്രസംഗിച്ച രീതിയും താളവും രാഷ്ട്രീയ കേരളം ഏറ്റെടുക്കുകയായിരുന്നു. ഏതൊരു പ്രധാനപ്പെട്ട രാഷ്ട്രീയ വികാസവുമുണ്ടായാലും അദ്ദേഹത്തിൻ്റെ പ്രതികരണത്തിനായി കാതോർത്തിട്ടുണ്ട് രാഷ്ട്രീയ കേരളം. കർക്കശക്കാരനായ ഒരു കമ്യൂണിസ്റ്റിൽ നിന്ന് ജനകീയനായ ഒരു നേതാവിലേക്കുള്ള വിഎസിൻ്റെ വളർച്ചക്കും ഈ പ്രസംഗ ശൈലി ഗുണം ചെയ്തിട്ടുണ്ട്.
നൂറാം പിറന്നാളിലേക്കെത്തുമ്പോൾ വിഎസ് അച്യുതാനന്ദൻ വീടിൻ്റെ ചുവരുകൾക്കുള്ളിൽ വിശ്രമ ജീവിതത്തിലാണ്. പക്ഷാഘാതത്തെ തുടർന്ന് 2019 മുതലാണ് വിഎസ് പൊതുജീവിതത്തിൽനിന്ന് മാറിനിൽക്കുന്നത്. രാഷ്ട്രീയ കേരളത്തിൻ്റെ പോരാളിക്ക്, കേരളത്തിൻ്റെ സ്വന്തം വിഎസിന് ജന്മശതാബ്ദി ആശംസകൾ.