ലോകകപ്പിൽ ന്യൂസിലാൻഡിനെതിരേ 149 റൺസിൻ്റെ കൂറ്റൻ പരാജയം ഏറ്റുവാങ്ങി അഫ്ഗാനിസ്ഥാൻ. ന്യൂസിലാൻഡ് ഉയർത്തിയ 288 എന്ന സ്കോർ പിന്തുടർന്ന അഫ്ഗാൻ ടീമിന് അമ്പേപാളി. വമ്പൻ ജയത്തോടെ ന്യൂസിലൻ്റ് ഇന്ത്യയെ പിന്തള്ളി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ഓപ്പണർ വിൽ യങ് 54 റൺസ് നേടി. തുടരെ വിക്കറ്റ് നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ നായകൻ ടോം ലാതവും ഗ്ലെൻ ഫിലിപ്സും ചേർന്ന് 144 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ ഫിലിപ്സ് 80 പന്തുകളിൽ 71 റൺസ് നേടി. നായകൻ ടോം ലാതം 74 പന്തുകളിൽ 68 റൺസും സ്വന്തമാക്കി. അവസാന ഓവറുകളിൽ ചാപ്മാനും മിച്ചലും അടിച്ചുതകർത്തതോടെ 289 റൺസ് എന്ന വിജയലക്ഷ്യം കുറിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് തുടക്കം മുതൽ പിഴച്ചു. 62 പന്തുകളില്‍ 36 റൺസ് നേടിയ റഹ്മത്താണ് അഫ്ഗാനിസ്ഥാൻ നിരയിൽ അല്പമെങ്കിലും ചെറുത്തുനിന്നത്. മറുവശത്ത് ലോക്കി ഫെർഗ്യുസനും മിച്ചലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി അഫ്ഗാൻ പോരാളികളെ തളക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ അട്ടിമറി വിജയം നേടിയെത്തിയ ടീമിനാണ് ന്യൂസിലണ്ടിനെതിരേ വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.