കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം നടക്കുക. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ആരംഭിച്ച പൊതുദർശനത്തിന് ശേഷം മൃതദേഹം കുണ്ടറയിലെ കുടുംബവീട്ടിലേയ്ക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രി കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ജോണിയുടെ അന്ത്യം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് പോകുന്നവഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കൊല്ലം ജില്ലയിലെ കുണ്ടറയിൽ ജോസഫ് – കാതറിൻ ദമ്പതികളുടെ മകനായാണ് ജോണി ജനിച്ചത്. കൊല്ലം ഫാത്തിമാ മാതാ കോളേജ്, ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. 1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. കഴുകൻ, അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ, നാടോടിക്കാറ്റ്, കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി 400ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് കുണ്ടറ ജോണി. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിലും ജോണി അഭിനയിച്ചിട്ടുണ്ട്.
ജോണിയുടെ വിടവാങ്ങലിൽ പ്രമുഖരാണ് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തിന്റെ വേർപാടിൽ വേദന തീർത്ത കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് നഷ്ടമായതെന്ന് മോഹൻലാൽ കുറിച്ചു. ‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ’ എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.