ഏകദിന ലോകകപ്പിൽ 99 റൺസിന് നെതർലൻഡ്സിനെ പരാജയപ്പെടുത്തി ന്യൂസീലൻഡ്. 323 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന്റെ ഇന്നിങ്സ് 223 റൺസിൽ അവസാനിക്കുകയായിരുന്നു. ന്യൂസീലാൻഡ് 50 ഓവറിൽ 7ന് 322, നെതർലൻഡ്സ് 46.3 ഓവറിൽ 223ന് ഓൾ ഔട്ട് എന്നിങ്ങനെയാണ് സ്കോർ നില. 73 പന്തിൽ 69 റൺസെടുത്ത കോളിൻ അക്കർമാനാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. ന്യൂസിലൻഡ് ഇന്നിങ്സിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത മിച്ചൽ സാന്റ്നർ 5 വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് 43 റൺസ് നേടുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. 6-ാം ഓവറിൽ വിക്രംജിത് സിങും (20 പന്തിൽ 12), 11-ാം ഓവറിൽ മാക്സ് ഡൗഡും (31 പന്തിൽ 16) പുറത്തായി. ആദ്യ വിക്കറ്റ് മാറ്റ് ഹെൻറിയും രണ്ടാം വിക്കറ്റ് മിച്ചൽ സാന്റ്നറും സ്വന്തമാക്കി. നാലാമനായിറങ്ങിയ ബാസ് ഡിലീഡ് (25 പന്തിൽ 18) പുറത്തായി. മികച്ച പ്രകടനം കാഴ്ചവെച്ച തേജ നിഡാമനുരുവിനെ (26 പന്തിൽ 21) ലോക്കി ഫെർഗൂസൻ റണ്ണൗട്ടാക്കി. ഇത്തവണയും സാന്റ്നറാണ് വിക്കറ്റ് നേടിയത്. പോൾ വാൻമീകരൻ 3 പന്തിൽ 4 റണ്ണുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ 10 ഓവറിൽ 59 റൺസ് വഴങ്ങി 5 വിക്കറ്റു നേടി. മാറ്റ് ഹെൻറി 8.3 ഓവറിൽ 40 റൺസ് വഴങ്ങി 3 വിക്കറ്റു വീഴ്ത്തി. രചിൻ രവീന്ദ്ര ഒരു വിക്കറ്റും സ്വന്തമാക്കി.
ന്യൂസീലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. കിവീസിനായി വിൽ യങ് (80 പന്തിൽ 70), രചിൻ രവീന്ദ്ര (51 പന്തിൽ 51), ടോം ലാതം (46 പന്തിൽ 53) എന്നിവർ അർധ സെഞ്ച്വറി നേടി. 67 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുമായി ഡെവോൺ കോൺവെയും (40 പന്തിൽ 32) വിൽ യങ്ങും മികച്ച തുടക്കമാണ് ന്യൂസീലൻഡിനു നൽകിയത്. പിന്നാലെയെത്തിയ ബാറ്റർമാരും തിളങ്ങിയതോടെ കിവീസ് മികച്ച സ്കോറിലെത്തി. അവസാന ഓവറിൽ മിച്ചൽ സാന്റ്നറാണ് സ്കോർ 300 കടത്തിയത്. 17 പന്തുകൾ നേരിട്ട സാന്റ്നർ 36 റൺസുമായി പുറത്താകാതെനിന്നു. നാല് പന്തിൽ 10 റൺസെടുത്ത മാറ്റ് ഹെൻറിയും പുറത്താകാതെനിന്നു. നെതർലൻഡ്സിനായി ആര്യൻ ദത്ത്, പോൾ വാൻമീകരൻ, റോളോഫ് വാൻ ഡർ മെർവെ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.