ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ നേട്ടം. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണ നേട്ടം കൈവരിച്ചത്. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ്ങും സ്വർണം നേടി. അവസാന ശ്രമത്തിൽ 20.36 മീറ്റർ ദൂരമാണ് തജീന്ദർപാൽ സിങ് കൈവരിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 13-ാമത്തെ സ്വർണമാണിത്.
ഇതോടെ 13 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 45 ആയി. വനിതകളുടെ 50 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം നേടി. ട്രാപ് ഷൂട്ടിങ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം സ്വന്തമാക്കിയത്. നിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡലും നേടി. നിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡലും സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ മെഡൽ എന്ന പ്രത്യേകതായും ഈ മെഡൽ നേട്ടത്തിനുണ്ട്.
അതേസമയം പുരുഷൻമാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായ് വെങ്കല മെഡൽ ആണ് നേടിയത്. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ മെഡലായിരുന്നു ഇത്. ഷൂട്ടിങ്ങിൽ നിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകളാണ്. ഏഴ് സ്വർണം, ഒൻപത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.