വിവിധ നിയമലംഘനങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുബായ് പോലീസ് 36 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുക, റോഡ് തടസ്സപ്പെടുത്തുക, വാഹനത്തിന്റെ എഞ്ചിനിൽ അനധികൃത മാറ്റങ്ങൾ വരുത്തുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് നടന്നതെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്ക് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല ഖൽഫാൻ അൽ ഖാഇദി പറഞ്ഞു.
ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്ന ദുബായിലെ ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതികളുടെ അടിസ്ഥാനത്തിൽ, അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് ലൈറ്റ് മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾ കണ്ടുകെട്ടിയാൽ തിരികെ ലഭിക്കുന്നതിന് 50,000 ദിർഹം വരെ നൽകേണ്ടിവരുമെന്ന് കേണൽ അൽ ഖാഇദി അഭിപ്രായപ്പെട്ടു.
സ്മാർട്ട്ഫോണുകളിലെ ദുബായ് പോലീസ് ആപ്പിലെ “പോലീസ് ഐ” സേവനം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ “വി ആർ ഓൾ പോലീസ്” സേവനവുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേണൽ അൽ ഖാഇദി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.