സൗദി അറേബ്യയ്ക്കു കുവൈറ്റിനും ഇടയിലുള്ള റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി വീശി സൗദി മന്ത്രി സഭ. കുവൈറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. മാത്രമല്ല, ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് ഈ പദ്ധതി. അതിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് നിയോമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമ്മേളനം അംഗീകാരം നൽകിയത്.
സൗദി-കുവൈറ്റ് റെയിൽവേ ലിങ്ക് പ്രൊജക്ടിന്റെ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈറ്റ് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താൻ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെ സൗദി മന്ത്രിസഭ മുൻപ് ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് തയ്യാറാക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന റെയിൽവേ പദ്ധതിയുടെ അന്തിമ കരാർ മന്ത്രി സാലെഹ് അൽജാസർ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യുകയായിരുന്നു. വൈകാതെ റെയിൽവേ നിർമാണം ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതടക്കം നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റ് ഡെവലപ്‌മെൻറ് അതോറിറ്റിയുടെ സംഘടനാ സംവിധാനങ്ങൾക്ക് നൽകിയ അംഗീകാരമാണ് യോഗം ചർച്ച ചെയ്ത മറ്റൊരു കാര്യം. കൂടാതെ 93-ാം ദേശീയ ദിനത്തിൽ രാജ്യത്തോട് പ്രകടിപ്പിച്ച ആശംസകൾക്ക് കിരീടാവകാശി സഹോദര-സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രസിഡൻറ് പദവിയിൽ ആവരോധിക്കപ്പെട്ട രാജ്യത്തിന്റെ വിജയത്തെയും കൗൺസിൽ ഓഫ് ദി ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ഐ.എസ്.ഒ) മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനെയും മന്ത്രിസഭ പ്രശംസിച്ചു. മാത്രമല്ല, കൂട്ടായ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും ലക്ഷ്യമിട്ടുള്ള സംഭാവനകൾക്കും സംരംഭങ്ങൾക്കും ആഗോള തലത്തിൽ ലഭിച്ച അംഗീകാങ്ങളാണ് ഇവയെന്നും മന്ത്രിസഭ വിലയിരുത്തി. കൂടാതെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ‘ഉറുഖ് ബനീ മാആരിദ്’ എന്ന സംരക്ഷിത പുരാവസ്തു പ്രദേശത്തെ ഉൾപ്പെടുത്തിയതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു.