ഖത്തറിൽ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒക്ടോബർ 1 മുതൽ സ്മാർട്ട് കാർഡ് സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർ മെട്രോലിങ്ക് ബസിൽ കയറുമ്പോഴും ബസിൽ നിന്ന് ഇറങ്ങുമ്പോഴും സ്മാർട്ട്കാർഡ് സ്കാൻ ചെയ്യണം. ഇതിനായി യാത്രികർക്ക് കർവാ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവാ ജേർണി പ്ലാനർ ആപ്പിലെ ക്യു ആർ കോഡ് എന്നിവ ഉപയോഗിക്കാമെന്നും അധികൃതർ നിർദേശിച്ചു.
കർവാ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നവർ ബസിൽ കയറുന്നതിന് മുമ്പ് ആപ്പിൽ ലോഗ്-ഇൻ ചെയ്യുകയും ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും വേണം. ക്യു ആർ ടിക്കറ്റ് ഒരുതവണ മാത്രമേ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമുള്ളു. പിന്നീടുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഈ ടിക്കറ്റ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. ഈ ആപ്പിലെ ക്യു ആർ കോഡ് ബസിലുള്ള ടിക്കറ്റ് റീഡറിൽ സ്കാൻ ചെയ്യാവുന്നതാണ്. കൂടാതെ മെട്രോലിങ്ക് സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.