ഭരണഘടന വിരുദ്ധ പ്രസംഗം നടത്തി വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താനാണ് സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചതെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തതാണ് രാജിക്ക് കാരണം.
മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ ബാധിക്കാനും പ്രതിരോധത്തിൽ ആകാനും സാധ്യതയുണ്ടെന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം.
എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഐഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലും വാര്‍ത്തകൾ വന്നിരുന്നു. എന്നാൽ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതൽ ദോഷമായി തീരുമെന്ന് ഉപദേശം ലഭിച്ചതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്.
താന്‍ ഭരണഘടനയെ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നാണ് സജി ചെറിയാന്‍ രാജിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാന് പകരം പുതിയ മന്ത്രിയുണ്ടായേക്കില്ലെന്നാണ് വിവരം. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. സാംസ്‌കാരികം, ഫിഷറീസ് അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് സജി ചെറിയാൻ നോക്കിയിരുന്നത്.