പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ അകാശ എയർ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പൈലറ്റുമാരുടെ രാജിയ്ക്ക് പിന്നാലെ സർവീസുകൾ പലതും മുടങ്ങി. രാജി വച്ച പൈലറ്റ്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രവര്‍ത്തനം തുടങ്ങി 13 മാസങ്ങള്‍മാത്രം പിന്നിടുമ്പോഴാണ് വിമാനക്കമ്പനിക്ക് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടിവരുന്നത്. 43 പൈലറ്റുമാരാണ് കൂട്ടത്തോടെ രാജിവെച്ചത്. നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ച പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ആകാശയുടെ നീക്കം.
ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുൻജുൻവാലയുടെ അകാശ എയർ പ്രവർത്തനം ആരംഭിച്ചത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ‘അകാശാ’ എയറിനെ വിശേഷിപ്പിച്ചത്. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കായിരുന്നു അകാശയുടെ കന്നിയാത്ര. കഴിഞ്ഞ വർഷം ജൂലൈ 22 നാണ് അകാശ ബുക്കിങ് ആരംഭിച്ചത്. ഇൻഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തിൽ അകാസ ഈടാക്കിയിരുന്നത്.
അതേ സമയം കമ്പനി അടച്ചുപൂട്ടലിലേക്ക് എന്ന വാർത്തകൾ തള്ളി കമ്പനി സിഇഒയും രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമെന്ന് വിനയ് ദുബെ വ്യക്തമാക്കി. തൊഴിലാളികൾക്ക് അയച്ച ഇമെയിലിൽ ആണ് ഇക്കാര്യം പറയുന്നത്. ശമ്പളത്തിലടക്കം മാറ്റംവരുത്തിയതിലൂടെ കമ്പനി തങ്ങളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് രാജിവച്ച പൈലറ്റുമാര്‍ പറയുന്നത്.