170 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം അടിയന്തരമായി ഇറക്കിയത് വിശാലമായ പാടത്ത്. ഹൈഡ്രോളിക് തകരാറിനെത്തുടർന്നാണ് റഷ്യൻ യാത്രാ വിമാനം യുറൽ എയർലൈൻസിൻറെ എയർബസ് എ 320 സൈബീരിയയിലെ നോവോസിബിർസ്ക് മേഖലയിലെ വനമേഖലയ്ക്ക് സമീപത്തെ അതിവിശാലമായ പാടത്ത് അടിയന്തര ലാൻറിംഗ് നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വിമാനം അടിയന്തര ലാൻറിംഗ് നടത്തിയതെന്ന് റഷ്യയുടെ വ്യോമയാന ഏജൻസിയായ റൊസാവിയാറ്റ്സിയ അറിയിച്ചു. കാമെങ്ക ഗ്രാമത്തിന് സമീപത്തെ വിശാലമായ പാടത്താണ് വിമാനം ഇറക്കിയത്. കരിങ്കടൽ തീരത്തെ സോചിയിൽ നിന്ന് ഓംസ്‌കിലേക്ക് പറക്കുന്നതിനിടെ വിമാനത്തിൻറെ ഹൈഡ്രോളിക് സംവിധാനങ്ങളിലൊന്ന് തകരാറിലായതെന്ന് യുറൽ എയർലൈൻസ് മേധാവി സെർജി സ്കുരാറ്റോവ് പറഞ്ഞു.
വിമാനം അടിയന്തര ലാൻറിംഗ് നടത്തിയതിൻറെ പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളിൽ അതിവിശാലമായ പാടത്ത് വിമാനം കിടക്കുന്നത് കാണാം. ഒപ്പം വിമാനത്തിൻറെ എമർജൻസി എക്സിറ്റ് അടക്കമുള്ള എല്ലാ വാതിലുകളും തുറന്ന് കിടന്നു. ഏതാനും പേർ വിമാനത്തിന് ചുറ്റം നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം. യാത്രക്കാരിൽ ആരും വൈദ്യസഹായം തേടിയിട്ടില്ലെന്നും അടിയന്തര ലാൻഡിംഗിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റോസാവിയറ്റ്സിയ കൂട്ടിച്ചേർത്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി യുറൽ അറിയിച്ചു.