കുട്ടികൾക്കായി വിപണിയിലിറക്കുന്ന വിവിധ മാധ്യമങ്ങളിൽ ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബുദ്ധികശക്തിയിലും വ്യതിയാനങ്ങളുണ്ടാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷനാണ് വ്യക്തമാക്കിയത്. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രദർശിപ്പിക്കുന്നതും, കൈവശം വെക്കുന്നതും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
കുട്ടികൾക്കായി പുറത്തിറക്കുന്ന അച്ചടിച്ച രീതിയിലുള്ളതും, ഓഡിയോ – വീഡിയോ രീതികളിലുളളതുമായ എല്ലാത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും ഈ നിരോധനം ബാധകമാണ്. കുട്ടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ, പൊതുമര്യാദകൾ, സദാചാരബോധങ്ങൾ എന്നീ മാനദണ്ഡങ്ങൾ മറികടക്കാൻ പാടില്ലെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. വരും തലമുറയായ കുട്ടികളെ സന്മാർഗത്തിൽ നയിക്കുന്നതിനും വിവിധ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി അധികൃതർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.