ഐഎസ്എൽ ഫുട്ബോളിന്റെ പുതിയ സീസൺ സെപ്റ്റംബർ 21-ന് ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീ-സീസൺ ഒരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബർ 16 വരെ നീളുന്ന പരിശീലന ക്യാമ്പിനായി കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിലെത്തിയിട്ടുണ്ട്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദമത്സരങ്ങളിൽ ഏർപ്പെടും.
സീസണിലെ മത്സരങ്ങളുടെ തീയതിയും മത്സരക്രമവും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐ ലീഗിൽ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്.സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഗോവ എഫ്.സി ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ നേരിടുമ്പോൾ ഈസ്റ്റ് ബംഗാളിന് ജംഷേദ്പുർ എഫ്.സിയാണ് എതിരാളി. മുംബൈ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
സെപ്റ്റംബർ ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ അൽ വാസൽ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദമത്സരം. 12-ന് ഷാർജ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും 15-ന് ദുബായിയിൽ പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ അഹ്ലിയെയും ബ്ലാസ്റ്റേഴ്സ് നേരിടും.