ഈ ആഴ്ച ആരംഭിക്കുന്ന 48-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സൗദി ഫിലിം കമ്മീഷൻ. രാജ്യത്തെ ചലച്ചിത്ര വ്യവസായത്തിൻ്റെ പ്രൊഫൈൽ വർദ്ധിപ്പിക്കാനും അന്താരാഷ്ട്ര സിനിമകൾക്ക് ആകർഷകമായ ചിത്രീകരണ കേന്ദ്രമായി രാജ്യത്തെ ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് നീക്കം.
അൽ-ഉല ഫിലിം, അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ , റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ, സൗദി ഫിലിം ഫെസ്റ്റിവൽ, നിയോം, ദി കിംഗ് എന്നിവയുൾപ്പെടെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട അല്ലെങ്കിൽ താൽപ്പര്യമുള്ള നിരവധി ദേശീയ സംഘടനകളുടെ സഹകരണത്തോടെ സെപ്റ്റംബർ 7 മുതൽ 17 വരെ നടക്കുന്ന മേളയിൽ കമ്മീഷൻ സൗദിയുടെ പവലിയനും ഉണ്ടാകും.
സൗദിയിലെ സിനിമകൾക്ക് പിന്തുണ നൽകിയാകും നീക്കം. അന്താരാഷ്‌ട്ര അവാർഡുകളോ മികച്ച ബോക്‌സ് ഓഫീസ് വരുമാനമോ നേടിയ പ്രമുഖ സൗദി സിനിമകളെ ഉയർത്തിക്കാട്ടുന്ന സിനിമാറ്റിക് എക്‌സിബിഷനും പവലിയനിൽ ഉൾപ്പെടുത്തും. സൗദിയിലെ പ്രതിഭകളെ പിന്തുണയ്‌ക്കുന്നതിനൊപ്പം മികച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നായ ടിഐഎഫ്എഫ് വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് സൗദി ഫിലിം കമ്മീഷൻ അറിയിച്ചു.
കിംഗ്ഡം വിഷൻ 2030 വികസന, വൈവിധ്യവൽക്കരണ പദ്ധതിയുടെ കുടക്കീഴിലെ തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം വർദ്ധിപ്പിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ആഗ്രഹത്തെയാണ് ഫെസ്റ്റിവലിലെ സൌദി സാന്നിധ്യം പ്രതിഫലിപ്പിക്കുന്നതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.