അക്കൗണ്ട് സുരക്ഷിതമാക്കാൻ മാർഗനിർദേശം പുറത്തിറക്കി യുഎഇയിലെ ബാങ്കുകൾ. ഇടപാടുകാരുടെ സ്വകാര്യത സംരക്ഷിക്കാനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാനുമാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയത്. തുടർച്ചയായി രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ വഴി ഉടമ അറിയാതെ പണം നഷ്ടപ്പെടുന്നതിനേത്തുടർന്നാണ് ഇത്.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ചെക്ക് ബുക്ക്, പാസ്വേർഡ്, രഹസ്യ കോഡുകൾ എന്നിവ മറ്റൊരാൾക്കും കണ്ടെത്താൻ സാധിക്കാത്ത വിധമാണെന്ന് ഇടപാടുകാർ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ നൽകിയത്. ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്കും കൈമാറരുത്, ബാങ്കിൽ നിന്നാണെങ്കിൽ പോലും ടെലിഫോൺ വഴി ബാങ്ക് വിവരങ്ങൾ നൽകുന്നത് കരുതലോടെയാകണം, ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ഫോൺ വിളികളോട് പ്രതികരിക്കരുത്, എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തവിധമാകണം രഹസ്യകോഡുകൾ, പാസ്വേർഡുകൾ ഇടയ്ക്കിടെ മാറ്റണം, രഹസ്യ കോഡുകൾ മറ്റുള്ളവർ കാണത്തക്കവിധം എഴുതിവയ്ക്കുകയോ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു.
കൂടാതെ സുരക്ഷിത വെബ്സൈറ്റുകളിൽ (ലോക്ക് ചിഹ്നമുള്ളവ) മാത്രമേ ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്താവൂ, പബ്ലിക് വൈഫൈ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുകയോ ഓൺലൈൻ ഇടപാടിൽ ബാങ്ക് വിവരങ്ങൾ നൽകുകയോ ചെയ്യരുത്, അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകരുത്, ഓൺലൈൻ ബാങ്ക് ഇടപാടിനുശേഷം സൈറ്റിൽനിന്ന് സൈൻ ഔട്ട് ചെയ്യണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും അറിയിച്ച് ഉടൻ കാർഡുകളോ അക്കൗണ്ടോ ബ്ലോക്ക് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.