എയർ ഇന്ത്യാ എക്സ്പ്രസും എയർ ഏഷ്യയും തമ്മിലുള്ള ലയനത്തിന്റെ ഭാഗമായി മാർഗരേഖ അവതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർ ഏഷ്യയുടെയും മാനേജിങ് ഡയറക്ടർ അലാക് സിങ് രണ്ട് വിമാനക്കമ്പനികളിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ തത്സമയ സംവാദത്തിലാണ് മാർഗരേഖ അവതരിപ്പിച്ചത്. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയും ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസും ലയിക്കുന്നതുവഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു.
ദേശങ്ങളെയും ജനങ്ങളെയും സംസ്കാരങ്ങളെയും പരമ്പരാഗത ഇന്ത്യൻ ആതിഥേയത്വത്തോട് ബന്ധിപ്പിക്കുന്ന ഒരു വിമാനസർവീസായി മാറുകയാണ് ഇതുവഴി കമ്പനികൾ ലക്ഷ്യമിടുന്നത്. അഞ്ചുവർഷത്തിനുളളിൽ സമഗ്രനവീകരണവും പരിവർത്തനവും ലക്ഷ്യമിട്ട് നേരത്തെ എയർ ഇന്ത്യ അവതരിപ്പിച്ച വിഹാൻ ഡോട്ട് എഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് മാറുന്നത്. ഇരു എയർലൈനുകളിലേയ്ക്കുമുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു.