സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ബദൽ നിക്ഷേപപദ്ധതി പ്രഖ്യാപിച്ച് യുഎഇ. സർവീസ് കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് ആനുകൂല്യം ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ കമ്പനികൾ പ്രത്യേക സമ്പാദ്യ, നിക്ഷേപ ഫണ്ടുകൾ സ്ഥാപിക്കണമെന്നതാണ് പദ്ധതി. എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ് എന്ന പേരിലാണ് ഭരണകൂടം പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയിലേയും ഫ്രീസോണുകളിലേയും സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അവസരം ലഭിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. തൊഴിലാളികളുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കുകയും അവരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ സെക്യൂരിറ്റി ആന്റ് കമ്മോഡിറ്റി അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുക.
ജോലിയിലെ മികവിന് അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം നൽകാനും യോഗത്തിൽ ധാരണയായി. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്നവർ, വേറിട്ട നേട്ടം കൈവരിച്ചവർ, രാജ്യത്തിനായി മികച്ച നേട്ടം സ്വന്തമാക്കിയവർ എന്നിങ്ങനെ 3 വിഭാഗങ്ങളിലാക്കി തിരിച്ചാണ് ആനുകൂല്യം നൽകുക. ഉദ്യോഗസ്ഥരുടെ മത്സരക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.