സാങ്കേതിക തകരാർ മൂലം എയർ സെയ്ഷെൽസ് വിമാനം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. തിങ്കളാഴ്ച രാത്രി 12.15 നായിരുന്നു സംഭവം. സെയ്ഷെൽസിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം ജിദ്ദയിൽ ഇറക്കേണ്ടി വന്നത്. വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം പരക്കുകയും പൈലറ്റ് വിമാനത്താളവുമായി ബന്ധപ്പെട്ട് എമർജൻസി ലാന്റിങ്‌ന് അനുമതി തേടുകയുമായിരുന്നു.
പൈലറ്റിന്റെ നിർദേശം ലഭിച്ചതോടെ അടിയന്തര ലാൻഡിങ് നടത്തുന്നതിനും സാഹചര്യങ്ങൾ നേരിടുന്നതിനും വിമാനത്താവളത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി. ഇതിന് ശേഷം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ച് മുന്നൊരുക്കം നടത്തി ലാന്‍ഡിങ്ങിന് അനുമതി നൽകി. അതേസമയം വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷിതമായി യാത്രക്കാരെയും വിമാന ജീവനക്കാരെയും പുറത്തിറക്കി. മൂന്ന് കുട്ടികളുൾ ഉൾപ്പെടെ 128 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.