ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. വറുതിയുടെ കര്‍ക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോള്‍ നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാണ്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. എല്ലാ മലയാളികൾക്കും ഏഷ്യാ ലൈവിന്റെ ഓണാശംസകൾ.
മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണസദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം.
കേരളത്തില്‍ നവവത്സരത്തിന്റെ തുടക്കം കുറിക്കുന്ന മാസമായ ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് ഓണവും എത്തുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. വർഷങ്ങൾ കഴിയുംതോറും ഓണാഘോഷത്തിന്റെ മാറ്റ് കൂടിക്കൂടി വരികയാണ്.