സൽവ റോഡിനെയും മിബൈറീക് സ്ട്രീറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്നു. സൽവ റോഡിൽ അൽ സെയ്ലിയ, മിസൈദ് ഇന്റർചേഞ്ചുകൾക്ക് ഇടയിലായി നിർമ്മിച്ച പുതിയ ഇന്റർചേഞ്ചാണ് പൊതുമരാമത്ത് അതോറിറ്റി തുറന്നുകൊടുത്തത്. ഇതോടെ മിബൈറീക്കിൽ നിന്ന് അൽ സെയ്ലിയയിലേക്കുള്ള യാത്രാ സമയം 50 ശതമാനം കുറഞ്ഞു.
330 മീറ്റർ നീളമുള്ള 2 പ്രധാന പാലങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ഇന്റർചേഞ്ച്. എല്ലാ വശങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കാൻ നിരവധി എക്സിറ്റ് പോയിന്റുകൾ, ലൂപ് പാലങ്ങൾ, പുതിയ ഇന്റർചേഞ്ചുമായി ബന്ധിപ്പിച്ചുള്ള പ്രാദേശിക റോഡുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. 3 കിലോമീറ്റർ നീളമുള്ള ബൈപ്പാസ് റോഡുകളും പ്രാദേശിക റോഡുകളും കൂടാതെ 3 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകളും ഇതിനോടനുബന്ധിച്ച് നിർമ്മിച്ചിട്ടുണ്ട്.
സൽവ റോഡിൽ നിന്ന് മിബൈറീക്, ബു നഖ്ല, അൽ സെയ്ലിയ, അൽ മിറാദ് എന്നിവിടങ്ങളിലേയ്ക്ക് സുഗമമായി എത്താൻ സഹായിക്കുന്നതാണ് ഈ ഇന്റർചേഞ്ച്. കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കും. മണിക്കൂറിൽ 8,500 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണിത്.