ഖരീഫ് ആഘോഷിക്കാനെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്ന ഭക്ഷണം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്താൻ നടപടിയുമായി ദോഫാർ ഗവർണറേറ്റ് അധികൃതർ. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി മൊബൈൽ ഫുഡ് ലബോറട്ടറിയാണ് ദോഫാർ മുനിസിപ്പാലിറ്റി സജ്ജമാക്കിയിരിക്കുന്നത്.
ഖരീഫ് ആസ്വദിക്കാൻ എത്തുന്നവരുടെ ക്ഷേമവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണ-പാനീയ സാമ്പിളുകൾ ഓൺ-സൈറ്റിൽ വാഹനത്തിൽ എത്തിച്ച് വേഗത്തിൽ പരിശോധിക്കുന്നതിനാണ് മൊബൈൽ ഫുഡ് ലബോറട്ടറി ഉപയോഗിക്കുന്നത്. പരിശോധന ഫലങ്ങൾ അതിവേഗം ലഭിക്കുമെന്നാണ് ലബോറട്ടറിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്.
അതേസമയം സമയമെടുക്കുന്ന ലബോറട്ടറി പരിശോധനകളെ ആശ്രയിക്കുന്നതിന് പകരമായി സൈറ്റിലെ സാമ്പിളുകൾ വേഗത്തിൽ വിലയിരുത്താൻ കഴിയുന്നതിലൂടെ നടപടിയും വേഗത്തിലാകും. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ നിന്ന് എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ രാജ്യത്തെ നിയമ പ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.