പ്രവാസി മലയാളികൾക്ക് ഓണസമ്മാനമായി ‘ഗൾഫ് ദേശാഭിമാനി’ എത്തുന്നു. പൂർണമായും ഗൾഫ് നാടുകളിലെ വാർത്തകൾ ഉൾപ്പെടുത്തി ഇ- പേപ്പറായാണ് ഗൾഫ് ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് ദേശാഭിമാനി പ്രകാശനം ചെയ്യും.
ആഴ്ചയിൽ ആറുദിവസം പ്രസിദ്ധീകരണമുണ്ടാകും. രണ്ട് പേജായാണ് ‘ഗൾഫ് ദേശാഭിമാനി’ പ്രസിദ്ധീകരിക്കുക. പ്രവാസികളുടെ ജീവിതവും അവർ നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളുമാണ് ഗൾഫ് ദേശാഭിമാനി പ്രധാനമായും പങ്കുവയ്ക്കുന്നത്. മലയാള അച്ചടി മാധ്യമ രംഗത്ത് കഴിഞ്ഞ എട്ടു പതിറ്റാണ്ടായി മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച ദേശാഭിമാനിയുടെ പുതിയ കാൽവെപ്പ് കൂടിയാണിത്.
ഗൾഫ് നാടുകളിലെ വാർത്തകൾ ശേഖറിക്കുന്നതിന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുളളത്. ശനിയാഴ്ച വൈകിട്ട് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലാണ് പ്രകാശന ചടങ്ങുകൾ. വിവിധ ഗൾഫ് നാടുകളിലുള്ളവർക്ക് ഉദ്ഘാടന ചടങ്ങ് ഓൺലൈനായി വീക്ഷിക്കാനാകുമാകും.