ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിന്ശേഷം യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു. സെപ്റ്റംബർ ഒന്നിന് മുമ്പ് സംഘം ഭൂമിയിലേക്ക് മടങ്ങുമെന്നാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചത്. സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, ആൻഡ്രി ഫെഡ്യേവ് എന്നിവർക്കൊപ്പമാണ് നെയാദി ഭൂമിയിലേക്ക് മടങ്ങുക.
എൻഡവർ എന്ന് പേരിട്ടിരിക്കുന്ന ക്രൂവിന്റെ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് മുമ്പ് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത് ഫ്ലോറിഡ തീരത്തെത്തുമെന്നാണ് നാസ വ്യക്തമാക്കിയത്. മാർച്ച് 3 നാണ് നെയാദി ഉൾപ്പെട്ട സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടത്തം പൂർത്തിയാക്കിയ സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജനെന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.