ആമസോൺ മഴക്കാടുകളിൽ തകർന്നുവീണ വിമാനത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നാല് കുട്ടികളിലെ 13 വയസുള്ള മൂത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. നാലു കുട്ടികളിൽ രണ്ടു പേരുടെ പിതാവായ മാനുവൽ റാനോക്കിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിലാണ് റനോക്കിനെ അറസ്റ്റ് ചെയ്തത്. പത്ത് വയസുള്ളപ്പോൾ മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം.
മെയ് ഒന്നിനാണ് നാല് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന – 206 വിമാനം ആമസോൺ കാടിൽ തകർന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു. എഞ്ചിൻ തകരാറായതിനെ തുടർന്നായിരുന്നു വിമാന ദുരന്തം സംഭവിച്ചത്. വിമാനം തകർന്ന് 11 മാസവും നാലും ഒമ്പതും പതിമൂന്നും വയസുള്ള നാല് കുട്ടികളെയാണ് ആമസോൺ കാടുകളിൽ കാണാതായത്. നീണ്ട 40 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളെ കണ്ടെത്താനായത്.
ആമസോൺ കാടുകളിൽ നിന്ന് രക്ഷിച്ച കുട്ടികളെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു കുട്ടികൾ.