ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്.
പൻവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്ക് സർവീസ് നടത്തും. ശേഷം 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. അതേസമയം സെപ്തംബർ ഏഴ് വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകും. ഇത് കൂടാതെ ചെന്നൈ,ബംഗളൂരു, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്നും കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.