കുവൈറ്റ് വിദ്യാർഥികളെ ലക്ഷ്യമിട്ട് യു എസിൽ തട്ടിപ്പ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വാഷിങ്ടണിലെ കുവൈറ്റ് എംബസി യുഎസിലെ താമസക്കാരായ കുവൈറ്റ് പൗരത്വമുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺസുലാർ വിഭാഗത്തിന്റെ പ്രതിനിധികൾ എന്ന പേരിൽ വിദ്യാർഥികളുടെ എൻറോൾമെന്റുകളും മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയും ഉൾപ്പെടെ യുഎസ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പണമടക്കാൻ അഭ്യർഥിച്ചാണ് തട്ടിപ്പ്.
തട്ടിപ്പുകാരുടെ ഇത്തരം ഫോൺ കോളുകളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് നിരന്തരം വരുന്നുണ്ട്. കൂടാതെ പണമടയ്ക്കാനുള്ള സംവിധാനവും തട്ടിപ്പ് സംഘം അറിയിക്കുന്നുണ്ട്. ഇത്തരത്തിൽ സംശയാസ്പദമായ ഫോൺ കോളുകളോ ഇ-മെയിലുകളോ വന്നാൽ ഒഴിവാക്കണമെന്ന് കുവൈറ്റ് എംബസി അറിയിച്ചു.
മാത്രമല്ല, എന്തെങ്കിലും പേയ്മെന്റുകൾ അടയ്ക്കുന്നതിന് വേണ്ടി ഫോണിലൂടെയോ ഇ-മെയിൽ വഴിയോ ആളുകളെ ബന്ധപ്പെടുന്നില്ലെന്നും എംബസി വ്യക്തമാക്കി. കൂടാതെ സംശയാസ്പദമായ കോൺടാക്ടുകളെ കുറിച്ച് എംബസിയുടെ കോൺസുലാർ വിഭാഗത്തെ അറിയിക്കാനും എംബസി പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുമായി ഐഡികൾ, പാസ്പോർട്ട് ഫോട്ടോ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും എംബസി കൂട്ടിച്ചേർത്തു.