ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി രജനികാന്തിന്റെ ‘ജയിലർ’. തെന്നിന്ത്യയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത് 52 കോടിയാണെന്നാണ് റിപ്പോർട്ട്. 29.46 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം നേടിയത്. മാസ് നായക വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്കുമാറും ചിത്രത്തിൽ നിർണായക അതിഥി വേഷത്തിലും എത്തിയപ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ചിത്രത്തിന് മുന്നിൽ വഴി മാറുകയാണ്.
നെൽസൺ സംവിധാനം ചെയ്ത ചിത്രം പാൻ ഇന്ത്യാതലത്തിൽ പ്രേക്ഷക പ്രീതി നേടിയാണ് മുന്നേറുന്നത്. കേരളത്തിൽ നിന്ന് മാത്രം 5 കോടി രൂപയാണ് ചിത്രത്തിന് കളക്ഷനായി ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം വരുംദിവസങ്ങളിലും കളക്ഷനിൽ ഒട്ടേറെ റെക്കോർഡുകൾ തകർക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
രമ്യാ കൃഷ്ണൻ, വസന്ത രവി, വിനായകൻ, സുനിൽ, കിഷോർ, തമന്ന ഭാട്ടിയ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ജയിലറിൽ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഹിറ്റായിരുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.