സിനിമ, സീരിയൽ, നാടക നടൻ വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് അന്ത്യം. ബാത്റൂമിൽ വീണുകിടന്ന ഖാലിദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഖാലിദ് ആലപ്പി തിയറ്റർ അംഗവും അറിയപ്പെടുന്ന ഗായകനുമായിരുന്നു.
ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവാണ്.
ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന കാലത്ത് നിരവധി നാടകങ്ങളിൽ വേഷമിട്ട അദ്ദേഹം പിന്നീട് നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും തിളങ്ങി. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ഖാലിദിന്റെ ആദ്യ സിനിമ. എട്ടോളം സിനിമകളിൽ അഭിനയിച്ച ഖാലിദ് അനുരാഗ കരിക്കിൻ വെളളം,bസൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകളിലെ അഭിനത്തിലൂടെ ജനശ്രദ്ധ നേടി. മമ്മൂട്ടി ചിത്രമായ പുഴു ആണ് ഖാലിദ് അഭിനയിച്ച അവസാനമായി പുറത്തിറങ്ങിയ സിനിമ. മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.