ഗായകൻ അഫ്സലിന്റെ സഹോദരനും താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ ഐ.എം.ഷക്കീർ (62) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പ്രഗൽഭരായ പല പിന്നണി ഗായകരുടെയും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്നു ഷക്കീർ.
കൊച്ചിൻ കലാഭവൻ, കൊച്ചിൻ കോറസ്സ്, കൊച്ചിൻ ആർട്സ് അക്കാദമി തുടങ്ങിയ ഗാനമേള ട്രൂപ്പുകളിൽ പ്രവർത്തിച്ച് കോംഗോ ഡ്രമ്മർ എന്ന നിലയിലാണ് ഷക്കീർ ശ്രദ്ധേയനായത്. 1980 മുതൽ തുടർച്ചയായി 12 വർഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പിലും പാടി. ദക്ഷിണാ മൂർത്തി സ്വാമി മുതൽ എം.ജയചന്ദ്രൻ വരെയുള്ള സംഗീതസംവിധായകർക്കൊപ്പം നിരവധി ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
‘വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം പകർന്നിട്ടുണ്ട്. ഇളയ സഹോദരനായ അൻസാറും ചലച്ചിത്ര പിന്നണി ഗായകൻ ആണ്. ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന, സിത്താര, അസീമ, അബ്ദുൾ ഹക്കിം. മരുമകൻ: മുഹമ്മദ് ഷിറാസ്.