കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ എയർ ഏഷ്യ വിമാനം പറന്നു. സംഭവത്തിൽ സ്റ്റേഷന് മാനേജരെ വിമാനക്കമ്പനി സസ്പെന്ഡ് ചെയ്തു. ഒരുമാസത്തേക്കാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ബെംഗളൂരു-ഹൈദരാബാദ് എയർ ഏഷ്യ വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്. അതേസമയം ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഏഷ്യ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനം പറന്നുയരുന്നതിന് 15 മിനിറ്റ് മുൻപ് എത്തിയിട്ടും ഗവർണറെ കയറ്റിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. വിമാനത്തിന്റെ ഗോവണിയിൽ എത്തിയിട്ടും ഗവർണറെ കയറാൻ എയർ ഏഷ്യ ജീവനക്കാർ തയ്യാറായില്ല. വിമാനത്തിന്റെ വാതിൽ അടച്ചിരിക്കുകയാണ് എന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവർണറുടെ പ്രോട്ടോക്കോൾ ഓഫീസർ എം വേണുഗോപാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
ഗവർണറുടെ ലഗേജുകൾ ഇറക്കാൻ 10 മിനിറ്റോളം നഷ്ടപ്പെട്ടു. ഗവർണർ അപ്പോഴും ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. വിമാനത്തിന്റെ വാതിൽ അപ്പോഴും തുറന്ന് കിടക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും ഗവർണറെ വിമാനത്തിനുള്ളിൽ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പോലിസിന് നൽകിയ പരാതിയിൽ പറയുന്നു.