മക്കയിലെ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക അതിഥിയായാണ് യൂസഫലി കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തത്.
സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ കഅബ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇരു ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
പനിനീർ കലർത്തിയ സംസം ജലം ഉപയോഗിച്ചാണ് കഅബയുടെ അകവും പുറവും കഴുകിയത്. പിന്നീട് മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ച് കഅബാലയത്തിൽ സുഗന്ധം പൂശുകയും ചെയ്തതോടെയാണ് ചടങ്ങുകൾ സമാപിച്ചത്.