ഹമദ് വിമാനത്താവളം വഴി സംഗീത ഉപകരണമായ ഡ്രമ്സിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. യാത്രക്കാരന്റെ ബാഗേജിലെ ഡ്രമ്സിനുള്ളിൽ സൂക്ഷിച്ച 6.17 കിലോയോളം തൂക്കം വരുന്ന ലഹരി മരുന്നാണ് ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
അതേസമയം ലഹരി വസ്തുക്കൾ ഉൾപ്പെടെ നിരോധനം ഏർപ്പെടുത്തിയ വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുത് എന്ന് കസ്റ്റംസ് വിഭാഗവും മറ്റും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടെയായിരുന്നു ഇത്തരത്തിലുള്ള കടത്ത് പിടികൂടിയത്. കൂടാതെ ഏറ്റവും മികച്ച ഉപകരണങ്ങൾ വഴി യാത്രക്കാരെയും ബാഗേജുകളും പരിശോധിക്കാൻ സംവിധാനമുള്ള ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക എന്നും അധികൃതർ അറിയിച്ചു.