മസ്കറ്റ് ഗവർണറേറ്റിൽ വയോജനങ്ങൾക്കായി ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക വികസന മന്ത്രാലയം ‘ട്രിപ് ടു ഡോക്’ കമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജറും കമ്പനി സി.ഇ.ഒ ഗ്രിഗോസ് ടൈലോസും ആണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. 12 ലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. വയോജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സാമൂഹിക, ആരോഗ്യ, വിനോദ, മനഃശാസ്ത്ര സേവനങ്ങൾ ഉൾപ്പെടുന്ന സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മാനസികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മസ്കറ്റ് ഗവർണറേറ്റിലെ സാമൂഹിക വികസന മേഖലയിലെ തന്ത്രപ്രധാന നിക്ഷേപ പദ്ധതികളിലൊന്നാണ് ഇതെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ വയോജനകാര്യ വകുപ്പ് ഡയറക്ടർ സഫിയ ബിൻത് മുഹമ്മദ് അൽ അമിരി പറഞ്ഞു. കൂടാതെ പ്രായമായവർക്ക് അവരുടെ അവസ്ഥകൾക്ക് അനുയോജ്യമായ അന്തരീക്ഷം നൽകുന്നതിലൂടെ മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.