സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുടെ പേരിൽ പുതിയ ജോലി തട്ടിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് സ്വദേശികൾക്കും വിദേശികൾക്കും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മെറ്റ ഫേസ്ബുക്ക് ജോബ് ഗ്രൂപ്പില്‍ താങ്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂര്‍ ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് ദിനേന 240 റിയാല്‍ സമ്പാദിക്കാം. എന്നാണ് തട്ടിപ്പുകാർ അയച്ച മെസ്സേജ്.
21 വയസ്സിന് മുകളിലുള്ളവരെയാണ് കമ്പനിയുടെ പുതിയ റിക്രൂട്ട്മെന്റില്‍ ഓണ്‍ലൈന്‍ അസിസ്റ്റന്റായി നിയമിക്കുന്നത്. താങ്കളെ അതില്‍ ഉൾപ്പെടുത്തിയ വിവരം അറിയിക്കുന്നു. ജോലി ഉറപ്പ് വരുത്താനായി മെസ്സേജിന്റെ താഴെ കാണുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് അതിലുള്ള നമ്പറില്‍ വിളിക്കുക എന്നാണ് വാട്സ്ആപ് ടെക്സ്റ്റ് വഴിയുള്ള സന്ദേശത്തിൽ പറയുന്നത്. കൂടാതെ ബാങ്കില്‍നിന്നുള്ള അറിയിപ്പാണെന്നും സൂപ്പര്‍മാർക്കറ്റില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത വകയില്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിട്ടുണ്ടെന്നും എല്ലാം തട്ടിപ്പുകാർ അയക്കുന്ന മെസ്സേജിൽ പറയുന്നുണ്ട്. എ.ടി.എം കാര്‍ഡ് ബ്ലോക്കായി തുടങ്ങി എന്ന തരത്തിലുള്ള തട്ടിപ്പുരീതികൾ ഫലിക്കാതെ വന്നപ്പോഴാണ് ആളുകളെ വലയിലാക്കാന്‍ പുതിയ രീതിയുമായി സംഘം എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങൾ വരെ തട്ടിപ്പ് സംഘങ്ങൾ കൈവശപ്പെടുത്താൻ സാധിക്കും. അതേസമയം ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചു. കൂടാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺ കാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.