കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ തരണം ചെയ്യുന്നതിനുള്ള പദ്ധതികളുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ജി20 സഖ്യത്തോട് ആവശ്യപ്പെട്ട് യുഎഇ കാലാവസ്ഥ ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റ് ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ സമ്മേളന സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സിലും. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് കാലാവസ്ഥാ വ്യതിയാനത്തെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ടു.
കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കാനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ നേതൃസ്ഥാനവും ജി20 രാജ്യങ്ങൾ ഏറ്റെടുക്കണം. ജൈവ, ഹരിത ഇന്ധനം അവികസിത രാജ്യങ്ങൾക്കും പ്രാപ്യമാക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനും ഇന്ധനരഹിത ഊർജ സംവിധാനം രൂപപ്പെടുത്തുകയും വേണം. പുനരുപയോഗ ഇന്ധനത്തിന്റെ ഉപയോഗവും ഊർജ ശേഷിയും ഇരട്ടിയാക്കണം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മനുഷ്യ ജീവനാണ് പ്രാധാന്യം നൽകേണ്ടത്. ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളെയും ദ്വീപുകളെയും സാമ്പത്തികമായി സഹായിക്കാനും ജി20 തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.