ഖത്തറിൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട. സ്മാർട്ട് പാർക്കിങ് പദ്ധതി പ്രകാരം വാഹനം പാർക്ക് ചെയ്യാനുള്ള നിശ്ചിത സ്ഥലങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്ന ജോലി 85 ശതമാനവും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സ്മാർട് പാർക്കിങ് പദ്ധതിയുടെ ഭാഗമായി 3,021 ഇടങ്ങളിലാണ് ഇതുവരെ സെൻസറുകൾ സ്ഥാപിച്ചത്. രാജ്യത്തെ പ്രഥമ സമഗ്ര ഡിജിറ്റൽ പാർക്കിങ് പദ്ധതിയാണിത്. മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റലാക്കുന്നതോടെ പാർക്കിങ്ങിനുള്ള ക്യൂ ഒഴിവാക്കാനും അതുവഴി ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധിക്കും. കോർണിഷ്, വെസ്റ്റ് ബേ, സുഖ് വാഖിഫ്, അൽബിദ പാർക്ക്, ഗേറ്റ് മാൾ, ലുസെയ്ൽ, മിഷെറീബ് തുടങ്ങി രാജ്യത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിൽ പാർക്കിങ് ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. സ്ഥലലഭ്യത സംബന്ധിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് മൊബൈൽ ഫോണിൽ ലഭ്യമാകുകയും ചെയ്യും.