ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ ട്രാവൽ അവാർഡ് 2023’ പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം. ‘ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ ടൂറിസം മന്ത്രാലയം നേടിയത്. ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ജനറലിലെ ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സലേം അൽ ഹജാരി അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഒമാന്റെ റോഡ് ഷോകളിലെ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിലെ അംഗമാണ് ഇവർ. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവൽ അവാർഡുകൾ നൽകുന്നത്. കൂടാതെ ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള പുരസ്കാരം ഇന്ത്യയിലെ ടൂറിസം മേഖലയിലെ പ്രമുഖ കമ്പനികളുടെ ഇലക്ട്രോണിക് വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്.
ബഹുമതി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം അൽ ഹജായി പറഞ്ഞു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ പ്രവർത്തനങ്ങളെ ഈ പുരസ്കാരം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പുർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഈ മാസം അവസാനംവരെ ഇത് തുടരും.
ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയും ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. കൂടാതെ ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, എയർലൈനുകൾ, ടൂർ ഓപറേറ്റർമാർ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.