നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികൾ അൽഖോറിൽ പിടിയിൽ. ചട്ടങ്ങൾ ലംഘിച്ച് പവിഴപ്പുറ്റുകൾക്ക് മുകളിലൂടെ വലവീശി മത്സ്യബന്ധനം നടത്തിയ തൊഴിലാളികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പവിഴപ്പുറ്റുകൾക്ക് നാശം സംഭവിക്കുന്ന വിധത്തിൽ അവയ്ക്ക് മുകളിലൂടെ വല വീശുകയും മുൻകൂർ അനുമതിയില്ലാതെ മീൻപിടിക്കുകയും ചെയ്തതിനാണ് നടപടിയെടുത്തത്.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. വല നീക്കം ചെയ്ത ഉദ്യോഗസ്ഥർ പവിഴപ്പുറ്റുകൾക്ക് നാശം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും തൊഴിലാളികളെ തുടർ നടപടികൾക്കായി അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. കടൽത്തീരത്ത് എത്തുന്നവർ പരിസ്ഥിതിക്ക് ദോഷകരമായി പെരുമാറരുതെന്നും മീൻ പിടിക്കുന്നതിന് മുൻകൂർ അനുമതി നേടണമെന്നും അധികൃതർ നിർദേശിച്ചു.